Monday 6 July 2015

രാജാസീറ്റിലെ പെണ്‍കുട്ടി.

ആകാശത്തിനു നിറം മാറിയും മറിഞ്ഞും വരുന്നതും കണ്ട് ,  ഞങ്ങൾ മടിക്കേരി എത്തിയപ്പോഴേക്കും വിശപ്പിന്റെ ചൂളം വിളികൾ കേട്ടു തുടങ്ങി. കൂർഗിൽ എത്തിയാൽ പോർക്ക്  കഴിക്കണം, പക്ഷെ ഈപോർക്കുകളുടെ തീരുമാനം അങ്കീകരിക്കാൻ കഴിയാതിരുന്ന നിസാർ, റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു അവസാനം ജീവിതത്തിൽ ആദ്യമായി മസാല ദോശയെ പരിണയിക്കണ്ടി വന്നു, വിശപ്പിന്റെ ചൂളംവിളികൾ അകന്നു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് മസലക്കുള്ളിൽ നിന്നും പോർക്കുകൾ ഇറങ്ങി വരുന്ന പോലെ തോന്നി. വിശപ്പടങ്ങ്ങ്ങിയ പോർക്കുകൾ ക്ഷീണം തീർക്കൻ വഴിയരുകിൽ സൂര്യൻ ചായുന്നതും നോക്കി ഇരുന്നു.
ഇനി ഞങ്ങൾക്കു പോകാനുള്ളത് രാജാ സീറ്റിലേക്കാണ്,  മടിക്കേരി തന്നെ. പണ്ട് കൂർഗു ഭരിച്ചിരുന്ന രാജാക്കന്മാർ രാജ്ഞ്ഞിമാരുമായി സൂര്യന്റെ പോക്കു വരവ് (ഉദയാസ്തമയങ്ങ്ങ്ങൾ) കാണാൻ വന്നിരിക്കുന്ന സ്ഥലമാണത്രേ ഈ രാജാസീറ്റെന്ന് അറിയ പ്പെടുന്നത്. ഒരു മലമുകളിലെ ചെറിയ പാർക്ക്  പോലെ തോന്നും കണ്ടാൽ, പടിഞ്ഞാറായി മഞ്ഞുമൂടിയ മല നിരകൾക്കു താഴെയായി ഒഴുകി നടക്കുന്ന വാഹനങ്ങളുടെ ചെറു രൂപങ്ങൾ  കാണാം മഞ്ഞു മൂടിയിരുന്നതിനാൽ അസ്തമയവും മലനിരക്കുകളെ തഴുകി ഒഴുകുന്ന അരുവികളെയും ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.

കുട്ടികൾക്കായി കൂകി പായുന്ന ഒരു തീവണ്ടി എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് . അവരെയും ചുമലിലേറ്റി കുണുങ്ങി ഓടുകയാണവൻ, ഓട്ടം കഴിഞ്ഞൊന്നു  കിതച്ചു  നിൽക്കുമ്പോഴേക്കും കുറെ കുട്ടികളുടെ നിര കാത്തു നിൽപ്പുണ്ടാവും, അവരുടെ ഊർജമെല്ലാം ആവാഹിച്ച് വീണ്ടും കുതിച്ചു പായും. dancing fountain, സന്ധ്യ മയങ്ങിയാൽ അവിടെ തിരക്കേറും, 7 മണിയോടെ അടിപൊളി പാട്ടുകളുടെ താളത്തിനൊത്ത്  തുള്ളിച്ചാടുന്ന ഫൗണ്ടൻ.
ഇത്രയൊക്കെ ആകർഷണങ്ങൾ ഉണ്ടെങ്കിലും, ഞങ്ങളിൽ ഗ്ലാമർ നിറഞ്ഞ ആളുകൾക്ക്  ഹരമായി സുന്ദരികളുടെ ഒരു ചെറു നിര തന്നെ ഉണ്ടായിരുന്നു. ഓരം ചേർന്നും അറിയാതെയും  അറിഞ്ഞും അവരുടെ അരുകിൽ കൂടെ നടന്നു. "എടാ അവൾ നോക്കുന്നെടാ, നിന്നെ തന്നെയാടാ ചെല്ലടാ.... നീ ചെന്നു  സംസാരിക്ക് ഞങ്ങളില്ലെ കൂടെ ".
ഒരിക്കലും മാഞ്ഞു പോകാതെ സുഹൃത്തുക്കളുടെ ഇടയിൽ ഇന്നും ഉപയോഗിക്കുന്ന സുവർണ  ലിപികളിൽ എഴുതപ്പെട്ട വാക്കുകൾ. അവരുടെ നിഴൽ പറ്റിയുള്ള നടപ്പ് രാജാ സീറ്റിന്റെ ഗേറ്റടയ്ക്കുന്ന വരെ തുടർന്നു. പുറത്തിറങ്ങി ഞങ്ങൾ കാറിനാടുത്തേക്കു  നടക്കുമ്പോൾ ഗിഗോ അവർക്ക് പിറകെ പോകുന്നത് കണ്ടു.  "അവൻ അവരോടു സംസാരിക്കും, ഉറപ്പാ." ആരോ പിന്നിൽ നിന്നും പറയുന്നതു കേട്ടു. ഞങ്ങൾ കാറിനരുകിൽ നിൽക്കുമ്പോൾ അവൻ ഓടി എത്തി. "കണ്ടുപിടിച്ചെടാ, അവർ കയറിയത് ഗണപതിയുടെ സ്റ്റിക്കർ പുറകിൽ ഒട്ടിച്ച ഇന്നൊവ കാറിലാ !!". അറിയാതെ എല്ലാവരും ചിരിച്ചു പോയി. തീർന്നില്ല, രാത്രി ഭക്ഷണവും എനർജി ഡ്രിംഗ്സും  വാങ്ങി ഹോട്ടലിലേക്ക്  നടക്കുമ്പോൾ ഒരശരീരി  പോലെ അവന്റെ വാക്കുകൾ കേട്ടു "എടാ അവർ ഇപ്പോൾ നമ്മുടെ അതെ ഹോട്ടലിൽ താമസത്തിനെത്തിയാലോ!!!"

(തുടരും..)

Sunday 17 May 2015

പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ഒരു കുടകു യാത്ര.




നാലുമണിക്കൊരു ചായ കുടിച്ച് ഞങ്ങള്‍ ഇറങ്ങി, മഞ്ഞണിഞ്ഞ പുല്‍മേടുകളില്‍ കുടകു സുന്ദരിമാരെയും പ്രതീക്ഷിച്ചിരിക്കുന്നവരില്‍ രണ്ടു പേരെ നിങ്ങള്‍ക്കു പരിചയമുണ്ടാവില്ല. സ്വന്തം കാര്‍ അയതുകൊണ്ട്, അതുകൊണ്ടു മാത്രം ഡ്രൈവര്‍ ആകണ്ടിവന്ന നിധിന്‍ കണ്ടാല്‍ മുടിനീട്ടി വളര്‍ത്തി, കണ്ടുമറന്ന തമിഴ് സിനിമകളിലെ വില്ലന്‍ മാരെ ഓര്‍മ്മ വരുമെങ്കിലും മാടപ്രാവിന്റെ ഹൃദയവും, പച്ചവെള്ളം പോലും ചവച്ചു കുടിക്കുന്നവനും ആണ്. ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആളാകെ മാറിയിരുന്നു. പിന്നില്‍ ഇരിക്കാന്‍ സ്ഥലമില്ലാതെ നിസാറിന്റെ മടിയില്‍ ഇരിക്കുന്നത് പ്പെണ്ണല്ല, സത്യം. പക്ഷെ പെണ്കുട്ടികള്‍ക്കുപ്പോലും കൊതിതോന്നുന്ന ഇടതൂര്‍ന്ന മുടിയുള്ള ചുള്ളന്‍ അതാണ് രാഘേഷ്.

നീണ്ടുകിടക്കുന്ന പാത ദൂരെ ഒരു ബിന്തുവില്‍ അലിഞ്ഞു തീരുന്നു.ഇരുപുറവും കാപ്പിയും കുരുമുളകും ഇടതൂര്‍ന്നു നില്ക്കുന്നു.ഓറഞ്ചു മരങ്ങള്‍ നിറഞ്ഞ താഴ്വരകള്‍ എങ്ങും കണ്ടില്ല. ചെറിയ ചാറ്റല്‍ മഴ തണുത്തകാറ്റില്‍ അലിഞ്ഞു ചെര്ന്നപ്പോള്‍ ഞങ്ങള്‍ കാറിന്റെ ഗ്ലാസുകള്‍ തുറന്നു വച്ചു. രാത്രിയുടെ ഓരം പറ്റി ഞങ്ങളെയും കാത്തിരുന്ന ഹോട്ടലില്‍ എത്തുമ്പോഴേക്കും എല്ലാവര്‍ക്കും മനസില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നൊള്ളു ഒന്നും അടച്ചു പോവല്ലെ, ഇതൊന്നും ഇല്ലാതെ എന്താഘോഷം.

രാവിലെ അബി ഫോള്സിലേക്കുള്ള യാത്രയില് മഴ ഞങ്ങള്ക്ക് സഹയാത്രികനായി. പക്ഷെ വഴിയിലെവിടയോ അവന്റെ യാത്ര അവസാനിച്ചു. വലിയമരങ്ങള്‍ക്കിടയിലൂടെ ഒറ്റയടിപാത, ദൂരെ ഇരമ്പുന്ന അബിയെ കണ്ടു. നമ്മുടെ ആതിരപള്ളിപോലെ അത്ര വലിയ വെള്ള ചാട്ടം അല്ലെങ്കിലും മുന്നിലെ തൂക്കുപാലത്തില്‍ നില്‍ക്കുമ്പോള്‍ പതഞ്ഞു പൊങ്ങുന്ന ജലകണങ്ങള്ക്കിടയിലൂടെ അവനെ കാണാന്‍ ഒരു അഴകൊക്കെ ഉണ്ടായിരുന്നു. യുവമിധുനങ്ങള്‍ അവന്റെ കുളിരണിയിക്കുന്ന തലോടലില്‍ മതിമറന്നു നില്‍ക്കുന്നതു കണാം. പക്ഷെ ഇത്രയൊക്കെ ആണെങ്കിലും ഞങ്ങളിലെ ഫോട്ടോഗ്രഫേഴ്സിനെ എറ്റവും ആകര്‍ഷിച്ചതൊരു ചിലന്തിയായിരുന്നു. അവന്റെ പലതരത്തിലുള്ള പോസുകള്‍ ക്യാമറയില്‍ പതിയുമ്പോഴെക്കും തിരക്കേറിവന്നു. ഞങ്ങള്‍ തിരികെ നടന്നു.









               ---------------------------------------------------------------------------------------------------

 ഇനിയും ഞങ്ങള്‍ക്കു പോകാനുള്ളത് മാന്തള്‍പ്പട്ടിയിലേക്കാണ്‌. മടിക്കേരിയില്‍ നിന്നും എകദേശം 30km ദൂരമുണ്ട്‌ മാന്തള്‍പ്പട്ടിയിലേക്ക്‌. ശരിക്കും മാന്തള്‍പ്പട്ടിയിലേക്ക്‌ തിരിയുന്ന റോഡു കടന്നാണ്‌ അബി ഫാള്‍സിലേക്ക്‌ ഞങ്ങള്‍ എത്തിയത്‌ അതുകൊണ്ടു തന്നെ ഒരു 4km ഓളം ഞങ്ങള്‍ പുറകോട്ടു പോകേണ്ടി വന്നു. മാന്തള്‍പ്പട്ടിയിലേക്ക്‌ തിരിയുന്ന വഴിക്കരുകിലായി നിരന്നു കിടക്കുന്ന ജീപ്പുകള്‍, പല ആള്‍ക്കാരും അവിടെ വരെയെ വാഹനങ്ങള്‍ എത്തു എന്നു കരുതി ജീപ്പിനരുകിലേക്കു നടക്കുന്നുണ്ട്, ഞങ്ങളും അതു തന്നെ ചെയ്തു, പക്ഷെ പല വാഹനങ്ങളം ​അവിടെ നിന്നും തിരിച്ചു വരുന്നതു കണ്ടപ്പോള്‍ എന്തായാലും പോയി നോക്കാമെന്നു കരുതി. ഒരു ഉറപ്പിനായി അതു വഴി വന്ന ബൈക്കു യാത്രക്കരനോടും തിരക്കി, ഏയ്, ഒരു കുഴപ്പോം ഇല്ല, ധൈര്യായിട്ട് പൊയ്‌ക്കോളൂ.. അല്‍പ്പം ദൂരമേ പ്രശ്‌നമുള്ളൂ.. അയാളുടെ വാക്കുകളിലെ പ്രചോദനം ഞങ്ങളെ മുന്നോട്ടു നയിച്ചു. നമ്മുടെയൊക്കെ നാട്ടിന്‍ പുറങ്ങളിലെ സ്ഥലങ്ങള്‍ പോലെ കാപ്പി തോട്ടങ്ങള്‍ നിറഞ്ഞ കുന്നുകളും, നിരപ്പായ പാടങ്ങളും കടന്ന് ചില കുത്തനെയുള്ള കയറ്റങ്ങള്‍ക്കൊടുവില്‍, പുല്‍മേടുകള്‍ക്കിടയിലൂടെ പൊടിപറത്തി പാഞ്ഞുപോകുന്ന ജീപ്പുകള്‍ ദൂരെ നിന്നെ കാണാം. വലരെ വലിയ ക്യാന്‍വാസില്‍ തീര്‍ത്ത മനോഹരമായ എണ്ണ ഛായ ചിത്രം പൊലെ മനോഹരമായിരുന്നു ആ മല നിരക്കുകള്‍. ഇനി ആ കാണുന്ന കുന്നിന്‍ മുകളിലേക്കണ്‌ നമുക്കു പോകണ്ടത്, അങ്ങോട്ടു പോകന്‍ ജീപ്പുകളെ തന്നെ ആശ്രയിക്കണം. കാര്‍ പാര്‍ക്കു ചെയ്തിട്ട്‌ ഞങ്ങള്‍ ചില ഫോട്ടോഷൂട്ടുകള്‍ നടത്തി.




ഞങ്ങള്‍ കയറിയ ജീപ്പ്‌, പൊടി പടര്‍ത്തി പച്ച പിടിച്ച മൊട്ടകുന്നുകള്‍ക്കു കുറുകെ, അങ്ങു ദൂരെ മെഘങ്ങള്‍ക്കരുകിലായി മാഞ്ഞു പോകുന്ന വഴിയെ ലക്ഷ്യമിട്ടു യാത്രയായി.വിജനമായ വഴി, ജീപ്പ് കുത്തനെയുള്ള കയറ്റം കയറാന്‍ തുടങ്ങുകയാണ്. കയറ്റം അവസാനിക്കുന്നിടത്ത് ആകാശം മാത്രം. റോഡ് എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. ശ്വാസമടക്കി ഇരിക്കുകയാണെല്ലാവരും. എതോ പ്രാചീനകാലത്ത് ടാര്‍ ചെയ്ത വഴിയാകണം, പല നാളുകളില്‍ പെയ്ത മഴ ഒഴുക്കി കൊണ്ടു പോയതിനു ബാക്കിയായി ശേഷിച്ചതാവണം ഈ വഴികള്‍, അതിലൂടെ പാഞ്ഞു പോകുന്ന ജീപ്പില്‍ ഇരിക്കുന്നതു തന്നെ ഒരു സര്‍ക്കസാണ്‌. കുത്തനെയുള്ള കയറ്റത്തിനൊടുവില്‍ താഴെയായി നിരന്നു കിടക്കുന്ന വണ്ടികളും, അവിടെ നിന്നും മുകളിലെക്ക് കാല്‍ നടയായി കയറി പോകുന്ന സഞ്ചാരികളേയും കണാം. കുന്നിന്‍ മുകളില്‍ നിന്നും തഴേക്കുള്ള യാത്ര പറഞ്ഞറിയിക്കന്‍ കഴിയാത്തതാണ്‌.



ജീപ്പില്‍ നിന്നും ഇറങ്ങി മുകളിലേക്ക് കയറുമ്പോള്‍ അകലെയായി ഒറ്റയ്ക്കു നില്ക്കുന്ന മരവും അതിനടുത്തായി ഒരു വാച്ച് ടവറും കണാം, വലതു വശത്തായി മൊട്ടകുന്നുകളും അതില്‍ അള്ളി പിടിച്ചിരിക്കുന്ന പാറകെട്ടുകളും, ദൂരെ നിന്നും പൊടിപറത്തി ഒഴുകി നടക്കുന്ന ജീപ്പുകളുടെ ചെറു രൂപങ്ങള്‍ കണാന്‍ തന്നെ ഒരു ഭംഗിയാണ്‌. മുകളിലേക്ക് കയറാന്‍ ചെറിയ ബുദ്ധിമുട്ടു തൊന്നിയെങ്കിലും, മുകളില്‍ എത്തിയപ്പോള്‍ കാണുന്ന കഴ്ച വളരെ മനോഹരമായിരുന്നു. പച്ചപുതച്ച കുന്നുകള്‍ ഇരുവശവും തഴെക്കു കുത്തനെയുള്ള പാറകെട്ടുകളാണ്‌ അവയ്ക്കു താഴെയായി തലയെടുത്തു നില്‍ക്കുന്ന മരങ്ങളെ തഴുകി ഒഴുകി നടക്കുന്ന വെണ്‍ മേഘങ്ങള്‍. കുറെ സമയം ഞങ്ങള്‍ ഫോട്ടോകളെടുത്ത്‌ അവിടെ തന്നെ ഇരുന്നു, വാച്ച് ടവറില്‍ കയറി ആ കുന്നുകളുടെ എല്ലാ ഭംഗിയും ഞങ്ങള്‍ ആസ്വദിച്ചു. അപ്പോളാണ്‌ നമ്മുടെ നിസ്സാറിനൊരു മോഹം ആ ഒറ്റ മരത്തിലിരുന്നൊരു ഫോട്ടോ എടുക്കണം, നിധിന്റെ ക്യാമറ അതു നന്നായി പകര്‍ത്തുകയും ചെയ്തു. പുഷ്പഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മാന്തള്‍പ്പട്ടി. വീണ്ടും വരാമെന്ന് ആ മല നിരകളോടു പറഞ്ഞ് ഞങ്ങള്‍ മടിക്കേരിയിലേക്ക് തിരിക്കുമ്പോള്‍ ഞങ്ങള്‍ക്കു യാത്രാ മങ്കളമോതുമ്പോലെ ആ പഴയ മഴ വീണ്ടും വന്നു.