Sunday 23 November 2014

സൂചി മല




കഴിഞ്ഞ തവണ വന്നപ്പോൾ ഞങ്ങൾ സൂചി മല എന്നൊരു സ്ഥലം കാണാൻ പോയി. ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്കു പോകുന്ന വഴിയിലാണ് സൂചി മല (needle rock view point) ഇന്ത്യൻ കോഫി ഹൌസ് ചൂടോടെ ഉണ്ടാക്കി തന്ന മസാല ദോശയുടെ കരുത്തിൽ ഞങ്ങൾ യാത്ര തുടങ്ങി. യൂക്കലി മരങ്ങൾ മാനം മുട്ടേ നിരന്നു നില്ക്കുന്ന വഴിയിൽ കുഴികളും വളവുകളും നിറയെ ഉണ്ടെങ്കിലും, വെളുത്തു തുടുത്ത യൂക്കലി മരങ്ങ്ങ്ങൾക്ക് ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യനെ കാണാൻ നല്ല രസമാണ്. ആ ഭംഗിയിൽ മയങ്ങി ഞങ്ങൾ കുറെ ഫോട്ടോസ് എടുത്തിട്ടാണ് യാത്ര തുടർന്നത്.
സൂചി പാറയിലേക്ക് റോഡിൽ നിന്നും തിരിയുന്നിടത്തായി വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു, പാസ്‌ എടുക്കുന്നിടത്ത് ഒരാൾ ഇരുന്ന്‌ ഉറങ്ങുന്നുണ്ടായിരുന്നു. ഇത്ര രാവിലെ ഇവിടെ ഞങ്ങൾ മാത്രമേ വന്നിട്ടുണ്ടാവുകയൊള്ളു. താഴേക്ക്‌ ചെറിയ കൽപടവുകളാണ് ഒരു ചെറിയ ഇറക്കം അതുകഴിഞ്ഞാൽ കയറ്റം തുടങ്ങും കുത്തനെ ഉള്ള കയറ്റം അല്ലാത്തത് കുണ്ട് ബുദ്ധിമുട്ടുണ്ടായില്ല, കല്ലുകൾ പാകിയ നടവഴിക്ക് ഇടതു വശത്ത് വലിയ കൊക്കയാണ് പേടിക്കണ്ടാ, അവിടെ പിടിച്ചു കയറാൻ ഇരുമ്പു വേലികൾ ഉണ്ട്.
വലതു വശത്ത് പാറയിൽ നിറഞ്ഞു നില്ക്കുന്ന കാട്ടു പുല്ല്. മുകളിലേക്ക് കയറും തോറും ചൂടേറി വന്നു. തണുപ്പ് വിതറി തഴുകി കൊണ്ടിരുന്ന കാറ്റിനും ശക്തിയേറി, മഞ്ഞിനേയും കൂടിനിന്ന മേഘ പാളികളേയും തള്ളി നീക്കി ആകാശം ഞങ്ങളെ ഉറ്റു നോക്കി. മുകളിലായി കലപഴക്ക ത്തിന്റെ വിള്ളലുകളും, വന്നുപോയവരുടെ പേരുകളും കൊണ്ട്  അവശനായ ഒരു ചെറിയ കൂര കാണാം, അതിന്റെ കൈവരികളിൽ പിടിച്ചു താഴേക്ക്‌ നോക്കുമ്പോൾ മേഘങ്ങൾ ക്കിടയിലൂടെ പച്ച വിരിപ്പ് പുതച്ച ഒരു പാടം കാണാം. കുട്ടിക്കാലത്ത്‌ സ്വപ്നങ്ങളിൽ ചിറകുമുളച്ച് മേഘങ്ങൾക്കിടയിലൂടെ പറന്നു നടന്നത് എനിക്കോർമ വന്നു. താഴെ സോപ്പുപെട്ടികൾ പോലെ കുഞ്ഞു വീടുകൾ, തല ഉയർത്തി നില്ക്കുന്ന പാറ കെട്ടുകൾ. കാഴച്ചകൾ കണ്ടും, ഫോട്ടോകൾ എടുത്തും കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവിട്ടു. ചൂടേറുകയും കാറ്റിന്റെ ശക്തി കൂടുകയും ചെയ്തപ്പോൾ അവിടെ നിന്നും തിരികെ ഇറങ്ങി.  

1 comment: